Latest Updates

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടു മരണം. മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയുമാണ് മരിച്ചത്. ഓമശ്ശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. മലപ്പുറം കണ്ണമംഗലം കാപ്പില്‍ റംല (52) ആണ് മരിച്ച വീട്ടമ്മ. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മലബാറില്‍ ആശങ്ക വര്‍ധിപ്പിച്ച് ഒരു മാസത്തിനിടെ മൂന്ന് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ജൂലൈ എട്ടിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് റംല ചികിത്സ ആരംഭിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടര്‍ന്ന് രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മാസം പ്രായമായ കുഞ്ഞ് കഴിഞ്ഞ കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് കുഞ്ഞ് മരിച്ചത്. നിലവില്‍ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികള്‍ ചികിത്സയില്‍ തുടരുന്നുണ്ട്. സംസ്ഥാനത്ത് എട്ട് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ ക്യാമ്പയിന്‍ തുടങ്ങി. വെള്ളത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം ചെറുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ മുഴുവന്‍ കിണറുകളിലും ശനിയാഴ്ചയും ഞായറാഴ്ചയും ഊര്‍ജിത ക്ലോറിനേഷന്‍ നടത്തും.

Get Newsletter

Advertisement

PREVIOUS Choice